ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് ശപഥം ചെയ്താൽ അവൻ (നിഷേധം പ്രവർത്തിച്ചു കൊണ്ട്) കുഫ്ർ…

ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് ശപഥം ചെയ്താൽ അവൻ (നിഷേധം പ്രവർത്തിച്ചു കൊണ്ട്) കുഫ്ർ ചെയ്തിരിക്കുന്നു; അല്ലെങ്കിൽ അവൻ (അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട്) ശിർക്ക് ചെയ്തിരിക്കുന്നു

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: 'കഅ്ബ തന്നെയാണെ സത്യം' എന്ന് ഒരാൾ ശപഥം ചെയ്യുന്നത് അദ്ദേഹം കേട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് ശപഥം ചെയ്തു കൂടാ. നബി -ﷺ- പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് ശപഥം ചെയ്താൽ അവൻ (നിഷേധം പ്രവർത്തിച്ചു കൊണ്ട്) കുഫ്ർ ചെയ്തിരിക്കുന്നു; അല്ലെങ്കിൽ അവൻ (അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട്) ശിർക്ക് ചെയ്തിരിക്കുന്നു."

[സ്വഹീഹ്]

الشرح

അല്ലാഹുവിനെ കൊണ്ടോ, അവൻ്റെ നാമങ്ങൾ കൊണ്ടോ വിശേഷണങ്ങൾ കൊണ്ടോ അല്ലാതെ ശപഥം ചെയ്യുന്നവൻ അല്ലാഹുവിൽ നിഷേധം പ്രവർത്തിക്കുകയോ അവനിൽ പങ്കുചേർക്കുകയോ ചെയ്തിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. കാരണം ശപഥം ചെയ്യൽ ശപഥം ചെയ്യപ്പെടുന്നതിനെ മഹത്വപ്പെടുത്തലാണ്; ഈ രൂപത്തിലുള്ള മഹത്വം അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണ്. അതിനാൽ അല്ലാഹുവിനെ കൊണ്ടും, അവൻ്റെ നാമങ്ങൾ കൊണ്ടും അവൻ്റെ വിശേഷണങ്ങൾ കൊണ്ടും മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ. അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ടുള്ള ശപഥം ചെറിയ ശിർക്കിൽ പെടുന്ന കാര്യമാണ്. എന്നാൽ ശപഥം ചെയ്യപ്പെടുന്നതിനെ അല്ലാഹുവിനെ പോലെ മഹത്വപ്പെടുത്തിയോ, അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിനേക്കാൾ കൂടുതലായി മഹത്വപ്പെടുത്തിയോ ആണ് ശപഥം ചെയ്യുന്നത് എങ്കിൽ അത് വലിയ ശിർക്കിലാണ് ഉൾപ്പെടുക.

فوائد الحديث

ശപഥം ചെയ്തു കൊണ്ട് ആദരിക്കപ്പെടാനുള്ള അർഹത അല്ലാഹുവിന് മാത്രമാണുള്ളത്. അതിനാൽ അല്ലാഹുവിനെ കൊണ്ടോ അവൻ്റെ നാമങ്ങൾ കൊണ്ടോ അവൻ്റെ വിശേഷണങ്ങൾ കൊണ്ടോ മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ.

നന്മ കൽപ്പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും സ്വഹാബികൾ പുലർത്തിയ ശ്രദ്ധ. പ്രത്യേകിച്ചും ശിർക്കോ കുഫ്റോ ആയേക്കാവുന്ന വിഷയങ്ങളിൽ അവർ പുലർത്തിയ ഗൗരവം.

التصنيفات

ബഹുദൈവാരാധന