അല്ലാഹു ഒരു ജനതയുടെ അധികാരം ഏൽപ്പിച്ചു നൽകിയ ഏതൊരു വ്യക്തിയാകട്ടെ, അയാൾ മരണപ്പെടുന്ന ദിവസം തൻ്റെ ജനതയെ…

അല്ലാഹു ഒരു ജനതയുടെ അധികാരം ഏൽപ്പിച്ചു നൽകിയ ഏതൊരു വ്യക്തിയാകട്ടെ, അയാൾ മരണപ്പെടുന്ന ദിവസം തൻ്റെ ജനതയെ വഞ്ചിച്ചു കൊണ്ടാണ് അവൻ മരിക്കുന്നതെങ്കിൽ അല്ലാഹു അവൻ്റെ മേൽ സ്വർഗം നിഷിദ്ധമാക്കാതിരിക്കുകയില്ല

മഅ്ഖിൽ ബ്‌നു യസാർ അൽ-മുസനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "അല്ലാഹു ഒരു ജനതയുടെ അധികാരം ഏൽപ്പിച്ചു നൽകിയ ഏതൊരു വ്യക്തിയാകട്ടെ, അയാൾ മരണപ്പെടുന്ന ദിവസം തൻ്റെ ജനതയെ വഞ്ചിച്ചു കൊണ്ടാണ് അവൻ മരിക്കുന്നതെങ്കിൽ അല്ലാഹു അവൻ്റെ മേൽ സ്വർഗം നിഷിദ്ധമാക്കാതിരിക്കുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജനങ്ങളുടെ മേൽ അധികാരമുള്ളവനും ഉത്തരവാദിത്തമുള്ളവനുമായി അല്ലാഹു ഒരാളെ മാറ്റുകയും, ശേഷം തൻ്റെ അധികാരപരിധിയിൽ വരുന്നവരോട് പാലിക്കേണ്ട ബാധ്യതകളിൽ അവൻ കുറവ് വരുത്തുകയും, അവരെ വഞ്ചിക്കുകയും, അവരോട് ഗുണകാംക്ഷ കാണിക്കാതിരിക്കുകയും ചെയ്താൽ അവൻ ഹദീഥിൽ പറയപ്പെട്ട കഠിനമായ ശിക്ഷക്ക് അർഹതയുള്ളവനായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. ഇവിടെ അധികാരം എന്നു പറഞ്ഞതിൽ പൊതുവായ അധികാരം ഉൾപ്പെടും; രാജാവിനുള്ള അധികാരം പോലെ. അതു പോലെ, ഭാഗികമായ അധികാരവും ഉൾപ്പെടും; പുരുഷനും സ്ത്രീക്കും തങ്ങളുടെ വീടുകളിൽ ഉള്ള അധികാരം പോലെ. ഈ ബാധ്യതകളിൽ ഭൗതികമായവയും മതപരമായവും ഒരു പോലെ ഉൾപ്പെടുന്നതാണ്.

فوائد الحديث

ഈ താക്കീത് രാജ്യത്തിലെ ഭരണാധികാരിക്കോ, അദ്ദേഹത്തിൻ്റെ പ്രതിനിധികളോ പോലുള്ള അധികാരികൾക്ക് മാത്രം ബാധകമായതല്ല. മറിച്ച്, അല്ലാഹു ഏതൊരു വിഭാഗം ജനങ്ങളുടെ കാര്യങ്ങൾ ഏൽപ്പിച്ചു നൽകിയവർക്കും ഈ ഹദീഥ് ബാധകമാണ്.

മുസ്‌ലിംകളുടെ കാര്യങ്ങളിൽ എന്തെങ്കിലും ഏറ്റെടുത്തവർ അവരോട് ഗുണകാംക്ഷ പുലർത്തുക എന്നത് നിർബന്ധമാണ്. തൻ്റെ ഉത്തരവാദിത്തം നിറവേറ്റാൻ അവൻ കഠിനമായി പരിശ്രമിക്കണം. വഞ്ചന കാണിക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണം.

പൊതുവായതോ ഭാഗികമായതോ, വലുതോ ചെറുതോ ആയ ഏതൊരു അധികാരവും ഏറ്റെടുത്തു കഴിഞ്ഞാൽ അതിൻ്റെ ഗൗരവം ഏറെ വലുതാണ്.

التصنيفات

ഇസ്ലാമിക രാഷ്ട്രീയം