ജനങ്ങളിൽ ഏറ്റവുമധികം പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ…

ജനങ്ങളിൽ ഏറ്റവുമധികം പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കലും (തഖ്‌വ) സൽസ്വഭാവവുമാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ജനങ്ങളിൽ ഏറ്റവുമധികം പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കലും (തഖ്‌വ) സൽസ്വഭാവവുമാണ്." ജനങ്ങളിൽ ഏറ്റവുമധികം പേരെ നരകത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നാവും ലൈംഗികാവയവും."

[ഹസനും സ്വഹീഹും] [തുർമുദി ഉദ്ധരിച്ചത്]

الشرح

ജനങ്ങളെ ഏറ്റവുമധികം സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന രണ്ട് കാര്യങ്ങളെ കുറിച്ച് നബി ﷺ അറിയിക്കുന്നു: അല്ലാഹുവിനെ സൂക്ഷിക്കുക എന്ന തഖ്‌വയും, സൽസ്വഭാവവുമാണത്. തഖ്‌വ എന്നാൽ: അല്ലാഹുവിൻ്റെ ശിക്ഷക്കും നിനക്കും ഇടയിൽ നീ ഒരു സംരക്ഷണകവചം നിശ്ചയിക്കലാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയുമാണ് അതിന് വേണ്ടി നീ ചെയ്യേണ്ടത്. സൽസ്വഭാവം എന്നാൽ: പ്രസന്നവദനം കാത്തുസൂക്ഷിക്കലും, ജനങ്ങൾക്ക് നന്മ ചെയ്യലും, അവരെ ഉപദ്രവിക്കാതിരിക്കലുമാണ്. മനുഷ്യരെ നരകത്തിൽ പ്രവേശിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങളും നബി ﷺ വിവരിച്ചു: നാവും ലൈംഗികാവയവുമാണത്. നാവ് കൊണ്ട് സംഭവിക്കുന്ന അനേകം തിന്മകളുണ്ട്; കളവും പരദൂഷണവും ഏഷണിയുമെല്ലാം അതിൽ ചിലതാണ്. ലൈംഗികായവയം കൊണ്ട് സംഭവിക്കുന്ന തിന്മകളിൽ പെട്ടതാണ് വ്യഭിചാരവും സ്വവർഗരതിയും മറ്റുമെല്ലാം.

فوائد الحديث

സ്വർഗപ്രവേശനം ലഭിക്കാൻ അല്ലാഹുവിനോട് പാലിക്കേണ്ട കാര്യങ്ങളുണ്ട്; അതിൽ പെട്ടതാണ് അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ട് തഖ്‌വ പാലിക്കുക എന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അതിന് വേണ്ടതുണ്ട്; നല്ല സ്വഭാവം കാത്തുസൂക്ഷിക്കുക എന്നത് അതിൽ പെട്ടതാണ്.

നാവ് അതിൻ്റെ ഉടമസ്ഥനെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരം തന്നെ; നരകപ്രവേശനത്തിനുള്ള കാരണങ്ങളിലൊന്നാണത്.

ദേഹേഛകളും മ്ലേഛവൃത്തികളും മനുഷ്യനുണ്ടാക്കുന്ന അപകടം നോക്കൂ; നരകപ്രവേശനത്തിന് ഏറ്റവുമധികം വഴിയൊരുക്കുന്ന കാര്യങ്ങളിലൊന്നാണത്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ