തീർച്ചയായും അല്ലാഹു അതിക്രമിക്ക് അവധിനീട്ടി നൽകിക്കൊണ്ടിരിക്കും; അവസാനം അവനെ പിടികൂടുമ്പോൾ അവനെ…

തീർച്ചയായും അല്ലാഹു അതിക്രമിക്ക് അവധിനീട്ടി നൽകിക്കൊണ്ടിരിക്കും; അവസാനം അവനെ പിടികൂടുമ്പോൾ അവനെ വിടുന്നതല്ല

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു അതിക്രമിക്ക് അവധിനീട്ടി നൽകിക്കൊണ്ടിരിക്കും; അവസാനം അവനെ പിടികൂടുമ്പോൾ അവനെ വിടുന്നതല്ല." ശേഷം നബി -ﷺ- (സൂറത്തു ഹൂദിലെ 102 -ാം വചനം) പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ പിടുത്തം അപ്രകാരമാകുന്നു. അവൻ്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

തിന്മകൾ പ്രവർത്തിച്ചു കൊണ്ടും, ശിർക്കിൽ (ബഹുദൈവാരാധന) അകപ്പെട്ടു കൊണ്ടും, ജനങ്ങളോട് അനീതിയും അതിക്രമവും ചെയ്തു കൊണ്ടും ജീവിതം നയിക്കുന്നവരെ നബി -ﷺ- താക്കീത് നൽകുന്നു. അല്ലാഹു അവധി നീട്ടിനൽകുകയും അവരുടെ ആയുസ്സും സമ്പത്തും അധികരിപ്പിച്ചു നൽകുകയും ചെയ്യുന്നതാണ്. ഉടനടി അല്ലാഹു അവരെ ശിക്ഷിക്കുന്നില്ലെങ്കിലും അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കാതെ തുടരുകയാണെങ്കിൽ അല്ലാഹു അവനെ പിടികൂടുകയും പിന്നീടൊരിക്കലും പുറത്തു കടക്കാൻ കഴിയാത്ത വിധത്തിൽ അവനെ ബന്ധിക്കുകയും ചെയ്യുന്നതാണ്. അതിക്രമങ്ങൾ അധികരിച്ചതിൻ്റെ ഫലമാണ് ഈ ശിക്ഷ. ശേഷം നബി -ﷺ- ഈ വചനം പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ പിടുത്തം അപ്രകാരമാകുന്നു. അവൻ്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ." (ഹൂദ്: 102)

فوائد الحديث

ബുദ്ധിയുള്ളവർ ഉടനടി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊള്ളട്ടെ; അതിക്രമം ചെയ്തു കൊണ്ടുള്ള ജീവിതത്തിൽ തുടരുമ്പോൾ അല്ലാഹുവിൽ നിന്നുള്ള തന്ത്രത്തെ കുറിച്ച് അവൻ നിർഭയനാകേണ്ടതില്ല.

അതിക്രമികൾക്ക് അല്ലാഹു അവധി നീട്ടിനൽകുന്നതും ഉടനടി അവരെ ശിക്ഷിക്കാതിരിക്കുന്നതും ക്രമേണയായുള്ള അഴിച്ചു വിടൽ മാത്രമാണ്; അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നില്ലെങ്കിൽ പിന്നീട് ഇരട്ടിയിരട്ടിയായി ശിക്ഷ നൽകപ്പെടും വിധം അവരുടെ കുരുക്ക് മുറുകുന്നതിന് വേണ്ടിയാണത്.

അതിക്രമം പ്രവർത്തിക്കുക എന്നത് അല്ലാഹു ജനസമൂഹങ്ങളെ ശിക്ഷിക്കാൻ കാരണമായ തിന്മയാണ്.

അല്ലാഹു ഒരു ജനതയെ ശിക്ഷിക്കുമ്പോൾ അവരിൽ ചില സജ്ജനങ്ങളും പെട്ടുപോയേക്കാം. അവർ നിലകൊണ്ട നന്മകളിലാണ് അന്ത്യനാളിൽ അവർ ഉയിർത്തെഴുന്നേൽക്കപ്പെടുക. അതിക്രമികൾക്കുള്ള ശിക്ഷയിൽ അവരും ഉൾപ്പെട്ടു പോയി എന്നത് അവർക്ക് പ്രയാസം സൃഷ്ടിക്കുകയില്ല.

التصنيفات

വിശ്വാസം, അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം, ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ