ആരെങ്കിലും ഒരു ഉറുക്ക് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു

ആരെങ്കിലും ഒരു ഉറുക്ക് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു

ഉഖ്ബത്തു ബ്നു ആമിർ അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരു സംഘം വന്നെത്തി. അവിടുന്ന് അവരിലെ ഒൻപത് പേർക്ക് ബയ്അത്ത് നൽകുകയും, ഒരാളെ ഒഴിവാക്കുകയും ചെയ്തു. അപ്പോൾ സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒൻപത് പേർക്ക് താങ്കൾ ബയ്അത്ത് ചെയ്യുകയും, ഇയാളെ ഉപേക്ഷിക്കുകയും ചെയ്തല്ലോ?!" നബി -ﷺ- പറഞ്ഞു: "അവൻ്റെ മേൽ ഒരു ഉറുക്കുണ്ട്." അപ്പോൾ അയാൾ തൻ്റെ കൈ (വസ്ത്രത്തിൽ) പ്രവേശിപ്പിക്കുകയും, അത് പൊട്ടിച്ചു കളയുകയും ചെയ്തു. അവിടുന്ന് -ﷺ-iപറഞ്ഞു: "ആരെങ്കിലും ഒരു ഉറുക്ക് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു."

الشرح

പത്തു പേരുള്ള ഒരു സംഘം നബി -ﷺ- യുടെ അരികിൽ വന്നു. അവരിൽ ഒൻപത് പേർക്ക് നബി -ﷺ- ഇസ്‌ലാം സ്വീകരണത്തിൻ്റെയും തന്നെ അനുസരിച്ചു കൊള്ളണമെന്നതിനുമുള്ള കരാർ (ബയ്അത്ത്) നൽകി. എന്നാൽ അവരിൽ പത്താമന് അവിടുന്ന് ബയ്അത്ത് ചെയ്തില്ല. അതിൻ്റെ കാരണമെന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- പറഞ്ഞു: "അവൻ്റെ മേൽ ഒരു ഉറുക്കുണ്ട്." കണ്ണേറോ മറ്റ് ഉപദ്രവങ്ങളോ തടുക്കുക എന്ന ഉദ്ദേശ്യത്തിൽ ശരീരത്തിൽ കെട്ടുകയോ ബന്ധിക്കുകയോ ചെയ്യുന്ന കാര്യങ്ങളെല്ലാം ഉറുക്കിൻ്റെ പരിധിയിൽ പെടും. നബി -ﷺ- യുടെ വാക്ക് കേട്ടപ്പോൾ ആ മനുഷ്യൻ ഉറുക്കുള്ള ഭാഗത്തേക്ക് തൻ്റെ കൈ പ്രവേശിപ്പിക്കുകയും അത് പൊട്ടിച്ചു കളയുകയും, ഊരിമാറ്റുകയും ചെയ്തു. അപ്പോൾ നബി -ﷺ- അയാൾക്ക് ബയ്അത്ത് നൽകി. ശേഷം ഉറുക്കുകൾ ബന്ധിക്കുന്നതിൽ നിന്ന് താക്കീത് ചെയ്തു കൊണ്ടും, അതിൻ്റെ ഇസ്‌ലാമിക വിധി വിവരിച്ചു കൊണ്ടും നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തമീമത്ത് (ഏലസ്സ്) കെട്ടിയാൽ അവൻ ശിർക്ക് ചെയ്തിരിക്കുന്നു."

فوائد الحديث

ഒരാൾ അല്ലാഹുവല്ലാത്തവരുടെ മേൽ തൻ്റെ കാര്യം ഭരമേൽപ്പിച്ചാൽ അവൻ്റെ ഉദ്ദേശത്തിന് നേർവിപരീതമായിരിക്കും റബ്ബ് അവന് നൽകുക.

ഉപദ്രവങ്ങൾ തടുക്കാനും കണ്ണേറിൽ നിന്ന് രക്ഷപ്പെടാനും ഉറുക്ക് കാരണമാകുന്നതാണ് എന്ന വിശ്വാസം ചെറിയ ശിർക്കിൽ പെടുന്ന കാര്യമാണ്. എന്നാൽ അവ സ്വയം തന്നെ ഉപകാരോപദ്രവങ്ങൾ ചെയ്യുമെന്ന് ഒരാൾ വിശ്വസിച്ചാൽ അത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാനുള്ള കാരണമാകുന്ന, വലിയ ശിർക്കിൽ പെടുന്നതാണ്.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം