ഞങ്ങൾ (അവിടുത്തോട്) പറഞ്ഞു: അങ്ങ് ഞങ്ങളുടെ 'സയ്യിദ്' (നേതാവ്) ആണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ…

ഞങ്ങൾ (അവിടുത്തോട്) പറഞ്ഞു: അങ്ങ് ഞങ്ങളുടെ 'സയ്യിദ്' (നേതാവ്) ആണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്' (സർവ്വരുടെയും യജമാനൻ)." ഞങ്ങൾ പറഞ്ഞു: "ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഞങ്ങളിൽ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവരുമാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ ഈ വാക്കുകൾ -അല്ലെങ്കിൽ അവയിൽ ചിലത്- നിങ്ങൾ പറഞ്ഞോളൂ. എന്നാൽ പിശാച് നിങ്ങളെ (വഴികേടിലേക്ക്) നയിക്കാതിരിക്കട്ടെ

അബ്ദുല്ലാഹി ബ്നു ശിഖീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ബനൂ ആമിറിൻ്റെ നിവേദക സംഘത്തോടൊപ്പം ഞാൻ നബി -ﷺ- യുടെ അരികിൽ ചെന്നു. ഞങ്ങൾ (അവിടുത്തോട്) പറഞ്ഞു: അങ്ങ് ഞങ്ങളുടെ 'സയ്യിദ്' (നേതാവ്) ആണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്' (സർവ്വരുടെയും യജമാനൻ)." ഞങ്ങൾ പറഞ്ഞു: "ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഞങ്ങളിൽ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവരുമാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ ഈ വാക്കുകൾ -അല്ലെങ്കിൽ അവയിൽ ചിലത്- നിങ്ങൾ പറഞ്ഞോളൂ. എന്നാൽ പിശാച് നിങ്ങളെ (വഴികേടിലേക്ക്) നയിക്കാതിരിക്കട്ടെ."

[സ്വഹീഹ്] [അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യുടെ അരികിൽ ഒരു കൂട്ടമാളുകൾ വന്നു. അവർ അവിടുത്തെ അരികിൽ വന്നെത്തിയപ്പോൾ അവിടുത്തെ പുകഴ്ത്തി കൊണ്ട് പറഞ്ഞ ചില വാക്കുകൾ നബി -ﷺ- ക്ക് ഇഷ്ടമായില്ല. അവർ പറഞ്ഞു: "താങ്കൾ ഞങ്ങളുടെ സയ്യിദാണ്." നേതാവ് എന്നാണ് സയ്യിദിൻ്റെ അർത്ഥം. അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്." അതായത് അല്ലാഹുവിനാണ് എല്ലാ സൃഷ്ടികൾക്കും മേൽ സമ്പൂർണ്ണ അധികാരമുള്ളത്. സൃഷ്ടികളെല്ലാം അല്ലാഹുവിലേക്ക് ആവശ്യക്കാരായ അവൻ്റെ ദാസന്മാർ മാത്രമാണ്. അവർ വീണ്ടും പറഞ്ഞു: "താങ്കൾ ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഏറ്റവും ഉന്നതമായ പദവിയും പ്രത്യേകതയും മഹത്വവുമുള്ളവരാണ്. ഞങ്ങളിൽ ഏറ്റവും ഔന്നത്യവും ഉദാരതയും ഉയർന്ന പദവിയും അങ്ങേക്ക് തന്നെയാണുള്ളത്." ഇത് കേട്ടപ്പോൾ നബി -ﷺ- അവരോട് അവിടുത്തെ കുറിച്ച് സാധാരണയായി പറയാറുള്ള വാക്കുകളിൽ ഒതുങ്ങി നിൽക്കാനും, വാക്കുകളിലെ കൃത്രിമത്വം ഒഴിവാക്കാനും നിർദേശിച്ചു. മതവിഷയത്തിൽ അതിരു കവിയുന്നതിലേക്കും അമിതമായ പുകഴ്ത്തലിലേക്കും, അതു വഴി ബഹുദൈവാരാധനയാകുന്ന ശിർക്കിലേക്കും അതിൻ്റെ മാർഗങ്ങളിലേക്കും പിശാച് നിങ്ങളെ എത്തിക്കാതിരിക്കട്ടെ എന്നും നബി -ﷺ- അവരെ ഓർമ്മപ്പെടുത്തി.

فوائد الحديث

സ്വഹാബികളുടെ മനസ്സിൽ നബി -ﷺ- ക്ക് ഉണ്ടായിരുന്ന ഉന്നതമായ സ്ഥാനവും അവർക്ക് അവിടുത്തോടുണ്ടായിരുന്ന ആദരവും.

വാക്കുകളിൽ കൃത്രിമത്വം പുലർത്തുന്നതിൽ നിന്നുള്ള വിലക്കും, സംസാരത്തിൽ മിതത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകതയും.

അല്ലാഹുവിന് മാത്രം ആരാധനകൾ നൽകുക എന്ന തൗഹീദിൻ്റെ അന്തസത്തക്ക് കോട്ടം തട്ടുന്ന വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ദീനിനെ സംരക്ഷിക്കേണ്ടതുണ്ട്.

പുകഴ്ത്തുന്നതിൽ അതിരുകവിയുക എന്നത് പിശാചിന് കടന്നു വരാനുള്ള വഴി തുറന്നു കൊടുക്കും എന്നതിനാൽ അക്കാര്യം നബി -ﷺ- വിലക്കിയിരിക്കുന്നു.

ആദം സന്തതികളുടെ നേതാവാണ് നബി -ﷺ-. അവിടുന്ന് മേൽ പ്രസ്താവിക്കപ്പെട്ട ഹദീഥിൽ വന്നതു പോലുള്ള വാക്കുകൾ പറയുന്നതിൽ നിന്ന് അവരെ വിലക്കിയത് അവിടുത്തെ വിനയം കാരണത്താലും, അവർ തൻ്റെ വിഷയത്തിൽ അതിരുകവിഞ്ഞേക്കുമോ എന്ന ഭയം കാരണത്താലുമാണ്.

التصنيفات

നമ്മുടെ നബി മുഹമ്മദ് -ﷺ-