നീ എഴുതിക്കൊള്ളുക! എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഇതിൽ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല

നീ എഴുതിക്കൊള്ളുക! എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഇതിൽ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യിൽ നിന്ന് കേൾക്കുന്ന, ഞാൻ മനപാഠമാക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ എഴുതിയെടുക്കാറുണ്ടായിരുന്നു. എന്നാൽ ഖുറൈശികൾ എന്നെ അതിൽ നിന്ന് വിലക്കി. അവർ പറഞ്ഞു: "നബി -ﷺ- യിൽ നിന്ന്പ റഞ്ഞു കേൾക്കുന്നതെല്ലാം താങ്കൾ എഴുതിയെടുക്കുകയാണോ?! അവിടുന്നാകട്ടെ, ഒരു മനുഷ്യനാണ്. ദേഷ്യത്തിലും സന്തോഷത്തിലുമെല്ലാം അവിടുന്ന് സംസാരിക്കില്ലേ? ." അതോടെ ഞാൻ എഴുതിയെടുക്കുന്നത് നിർത്തിവെക്കുകയും, നബി -ﷺ- യോട് ഇക്കാര്യം പറയുകയും ചെയ്തു. അപ്പോൾ തൻ്റെ വായിലേക്ക് വിരലുകൾ കൊണ്ട് ചൂണ്ടിക്കൊണ്ട് അവിടുന്ന് പറഞ്ഞു: "നീ എഴുതിക്കൊള്ളുക! എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഇതിൽ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല."

[സ്വഹീഹ്] [അബൂദാവൂദ് ഉദ്ധരിച്ചത്]

الشرح

അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: ഞാൻ നബി -ﷺ- യിൽ നിന്ന് കേൾക്കുന്നതെല്ലാം മനപാഠമാക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതിയെടുക്കാറുണ്ടായിരുന്നു. അപ്പോൾ ഖുറൈശികളിൽ പെട്ട ചിലർ എന്നെ അതിൽ നിന്ന് വിലക്കി. അവർ പറഞ്ഞു: "നബി -ﷺ- ഒരു മനുഷ്യനാണ്. ദേഷ്യത്തിലും സന്തോഷത്തിലുമെല്ലാം അവിടുന്ന് സംസാരിക്കും. അവിടുത്തേക്ക് ചിലപ്പോൾ അബദ്ധം സംഭവിച്ചേക്കാം." അതോടെ അബ്ദുല്ലാഹി ബ്നു അംറ് എഴുത്ത് നിർത്തി വെച്ചു. പിന്നീട് അവർ പറഞ്ഞ കാര്യം അദ്ദേഹം നബി -ﷺ- യെ അറിയിച്ചു. അപ്പോൾ തൻ്റെ വായിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവിടുന്ന് പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഏതു സന്ദർഭത്തിലും ഇവിടെ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല; അത് സന്തോഷത്തിൻ്റെയോ ദേഷ്യത്തിൻ്റെയോ വേളയാകട്ടെ." നബി -ﷺ- യെ കുറിച്ച് അല്ലാഹു ഖുർആനിൽ പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കാം: "അവിടുന്ന് തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അവിടുത്തേക്ക് നൽകപ്പെടുന്ന സന്ദേശം മാത്രമാകുന്നു." (നജ്മ്: 3-4)

فوائد الحديث

അല്ലാഹുവിൽ നിന്ന് സന്ദേശം എത്തിച്ചു നൽകുന്നതിൽ നബി -ﷺ- പൂർണ്ണമായും തെറ്റുകളിൽ നിന്ന് സുരക്ഷിതരാണ്. സന്തോഷത്തിലും ദേഷ്യത്തിലും അതിൽ മാറ്റമുണ്ടാവുകയില്ല.

നബി -ﷺ- യുടെ സുന്നത്തുകൾ സൂക്ഷിക്കുന്നതിലും മറ്റുള്ളവർക്ക് എത്തിച്ചു നൽകുന്നതിലും സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യവും, അവർ ചെയ്ത പരിശ്രമങ്ങളും.

ഒരാൾ ശപഥം ചെയ്യാൻ ആവശ്യപ്പെട്ടില്ലെങ്കിലും -അത് കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഫലമുണ്ട് എങ്കിൽ- ശപഥം ചെയ്യുന്നത് അനുവദനീയമാണ്. ഉദാഹരണത്തിന് പറയുന്ന കാര്യത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്താൻ ചിലപ്പോൾ ശപഥം ആവശ്യമായി വരും.

വിജ്ഞാനം സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട വഴികളിലൊന്നാണ് അത് രേഖപ്പെടുത്തി വെക്കുക എന്നത്.

التصنيفات

നബിചര്യയുടെ പ്രാധാന്യവും സ്ഥാനവും, നബിചര്യയുടെ രേഖപ്പെടുത്തൽ, നമ്മുടെ നബി മുഹമ്മദ് -ﷺ-