അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ -عَلَيْهِ السَّلَامُ-…

അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ -عَلَيْهِ السَّلَامُ- എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ -عَلَيْهِ السَّلَامُ- എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജിബ്രീൽ -عَلَيْهِ السَّلَامُ- അയൽവാസികളുടെ കാര്യം നബി ﷺ യോട് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയും, അയൽവാസികളെ ശ്രദ്ധിക്കാൻ പ്രത്യേകം കൽപ്പിക്കുകയും ചെയ്തു കൊണ്ടേയിരുന്നു എന്ന് നബി ﷺ അറിയിക്കുന്നു. നിൻ്റെ വീടിൻ്റെ അടുത്തുള്ളവരെല്ലാം -അവർ മുസ്‌ലിമാണെങ്കിലും അല്ലെങ്കിലും, നിൻ്റെ കുടുംബക്കാരിൽ പെട്ടവരാണെങ്കിലും അല്ലെങ്കിലും- അവർ നിൻ്റെ അയൽവാസികളാണ്. അവരുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുകയും, അവരെ ഉപദ്രവിക്കാതിരിക്കുകയും, അവരോട് നന്മ ചെയ്യുകയും, അവരുടെ ഉപദ്രവങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക എന്നത് ഇസ്‌ലാമിൻ്റെ കൽപ്പനകളിൽ പെട്ടതാണ്. അയൽവാസിയോടുള്ള ബാധ്യതകൾ ഊന്നിയൂന്നി പറയുന്നതും ആവർത്തിക്കപ്പെടുന്നതും കേട്ടപ്പോൾ ഇനി ജിബ്രീൽ വന്നെത്തുമ്പോൾ അയൽവാസികൾ മരണശേഷം സമ്പത്തിൽ നിന്ന് വിഹിതം നിശ്ചയിക്കപ്പെടുമെന്ന സന്ദേശവുമായി അദ്ദേഹം വന്നെത്തുമെന്ന് വരെ നബി ﷺ ധരിച്ചു പോയി.

فوائد الحديث

അയൽവാസിയോടുള്ള ബാധ്യതയുടെ മഹത്വം. അക്കാര്യം പരിഗണിക്കുക എന്നത് നിർബന്ധമാണ്.

അയൽവാസിയുടെ കാര്യം പ്രത്യേകം വസ്വിയ്യത്ത് ചെയ്തു കൊണ്ട് ഊന്നിപ്പറഞ്ഞതിൽ നിന്ന് അയൽവാസിയെ ആദരിക്കേണ്ടതിൻ്റെയും അവരോട് ഇഷ്ടം കാണിക്കേണ്ടതിൻ്റെയും നന്മ ചെയ്യേണ്ടതിൻ്റെയും ആവശ്യകത ബോധ്യപ്പെടുന്നതാണ്. അവർക്കെതിരെയുള്ള ഉപദ്രവങ്ങൾ തടുക്കലും അവർക്ക് രോഗമായാൽ സന്ദർശിക്കലും സന്തോഷവേളകളിൽ അവർക്ക് ആശംസകൾ അറിയിക്കലും, പ്രയാസങ്ങളിൽ ആശ്വാസം പകരലുമെല്ലാം അതിൻ്റെ ഭാഗമാണ്.

നിന്നോട് ഏറ്റവുമടുത്ത വാതിലുള്ള അയൽവാസിയോട് ഏറ്റവും ബാധ്യതയുണ്ട്.

ഇസ്‌ലാമിക ശരീഅത്തിൻ്റെ പൂർണ്ണത; അയൽവാസിയോട് നന്മയിൽ വർത്തിക്കുക, അവരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുക പോലുള്ള സമൂഹത്തിന് നന്മയാകുന്ന എല്ലാ കാര്യങ്ങളും അതിൽ പരാമർശിക്കുന്നുണ്ട്.

التصنيفات

ഒത്തുതീർപ്പും, അയൽപ്പക്ക വിധിവിലക്കുകളും