ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്

ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം മസ്ജിദിൽ ഇരിക്കുന്ന വേളയിൽ ഒട്ടകപ്പുറത്ത് ഒരാൾ അവിടേക്ക് കയറിവന്നു. തൻ്റെ ഒട്ടകത്തെ മസ്ജിദിൽ മുട്ടുകുത്തിച്ച ശേഷം അയാൾ അതിനെ കെട്ടിയിട്ടു. എന്നിട്ട് സ്വഹാബികളോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത വ്യക്തിയാണ്." അപ്പോൾ അയാൾ നബി -ﷺ- യോട് പറഞ്ഞു: "അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അയാളോട് പറഞ്ഞു: "ഞാനിവിടെയുണ്ട്." അയാൾ പറഞ്ഞു: "ഞാൻ താങ്കളോട് ചിലത് ചോദിക്കുന്നതാണ്. ചോദ്യങ്ങളിൽ ഞാൻ താങ്കളോട് പരുഷത പുലർത്തുന്നതാണ്; അതിനാൽ താങ്കളുടെ മനസ്സിൽ എന്നോടൊന്നും തോന്നരുത്." നബി -ﷺ- പറഞ്ഞു: "താങ്കൾക്ക് വേണ്ടത് ചോദിച്ചു കൊള്ളുക." അയാൾ പറഞ്ഞു: "താങ്കളുടെ രക്ഷിതാവിനെയും താങ്കൾക്ക് മുൻപുള്ളവരുടെ രക്ഷിതാവിനെയും മുൻനിർത്തി ഞാൻ ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ താങ്കളെ ജനങ്ങളിലേക്ക് മുഴുവനായി അയച്ചത്?" അവിടുന്ന് പറഞ്ഞു: "സംശയം വേണ്ട; അതെ!" അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ രാവിലെയും രാത്രിയുമായി അഞ്ചു നേരം നമസ്കരിക്കണമെന്ന് ഞങ്ങളോട് കൽപ്പിക്കാൻ താങ്കളോട് പറഞ്ഞത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ ഈ മാസത്തിൽ (റമദാനിൽ) ഞങ്ങൾ നോമ്പ് നോൽക്കണമെന്ന് കൽപ്പിക്കാൻ താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ ഞങ്ങളിലെ ധനികരിൽ നിന്ന് ഈ (സകാത്ത് എന്ന) ദാനധർമ്മം പിടിച്ചെടുക്കാനും ഞങ്ങളിലെ ദരിദ്രർക്കിടയിൽ വീതംവെക്കാനും താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "താങ്കൾ കൊണ്ടുവന്നതിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. എനിക്ക് പിറകിലുള്ള എൻ്റെ ജനങ്ങളിലേക്കുള്ള ദൂതനായിരിക്കും ഞാൻ. ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- പറയുന്നു. ഒരിക്കൽ സ്വഹാബികൾ നബി -ﷺ- യോടൊപ്പം പള്ളിയിൽ ഇരിക്കുന്ന വേളയിൽ ഒരാൾ തൻ്റെ ഒട്ടകപ്പുറത്തേറി അവിടേക്ക് വന്നു. തൻ്റെ ഒട്ടകത്തെ മുട്ടുകുത്തിച്ച ശേഷം അതിനെ കെട്ടിയിട്ടു. ശേഷം ആഗതൻ അവരോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ ചാരിയിരിക്കുന്നുണ്ടായിരുന്നു. സ്വഹാബികൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത മനുഷ്യനാണ്." അപ്പോൾ ആഗതൻ പറഞ്ഞു: "ഹേ അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നിൻ്റെ വിളി ഞാൻ കേട്ടിരിക്കുന്നു. ചോദിച്ചോളൂ; ഞാൻ ഉത്തരം നൽകാം." അപ്പോൾ ആഗതൻ നബി -ﷺ- യോട് പറഞ്ഞു: "ഞാൻ താങ്കളോട് ചോദിക്കുകയും, എൻ്റെ ചോദ്യങ്ങളിൽ കടുപ്പം പുലർത്തുകയും ചെയ്യുന്നതാണ്. എന്നാൽ അതിൻ്റെ പേരിൽ താങ്കൾക്ക് എന്നോട് പ്രയാസം തോന്നരുത്." എന്നോട് ദേഷ്യം പിടിക്കുകയോ, താങ്കൾക്ക് ഉത്തരം നൽകാൻ മടിയുണ്ടാവുകയോ ചെയ്യരുത് എന്നർത്ഥം. നബി -ﷺ- പറഞ്ഞു: "താങ്കൾ ഉദ്ദേശിക്കുന്നത് ചോദിച്ചോളൂ." നബി -ﷺ- പറഞ്ഞു: "താങ്കളുടെ രക്ഷിതാവും, താങ്കൾക്ക് മുൻപുള്ളവരുടെ രക്ഷിതാവുമായ അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കുന്നു: അല്ലാഹു തന്നെയാണോ താങ്കളെ ജനങ്ങളിലേക്ക് നിയോഗിച്ചത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." തൻ്റെ സത്യസന്ധത ഊന്നിപ്പറയുന്നതിന് വേണ്ടിയാണ് അവിടുന്ന് 'അല്ലാഹുമ്മ' എന്ന് മറുപടിയിൽ പറഞ്ഞത്. ആഗതൻ ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹുവാണോ താങ്കളോട് കൽപ്പിച്ചത്; ഞങ്ങൾ രാവിലെയും രാത്രിയിലുമായി അഞ്ചു നേരം നമസ്കരിക്കണമെന്ന്?" നിർബന്ധ നമസ്കാരങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം. നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; അല്ലാഹുവാണോ ഈ മാസം -അതായത് റമദാനിൽ- ഞങ്ങൾ നോമ്പെടുക്കണമെന്ന് താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; ഈ ദാനധർമ്മം ഞങ്ങളിലെ ധനികരിൽ നിന്ന് പിടിച്ചെടുക്കുകയും ഞങ്ങളിലെ ദരിദ്രരിൽ വിതരണം ചെയ്യുകയും ചെയ്യാൻ താങ്കളോട് കൽപ്പിച്ചത് അല്ലാഹുവാണോ ?" സകാത്താണ് ഉദ്ദേശ്യം. നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." ഇത് കേട്ടപ്പോൾ ആഗതൻ ഇസ്‌ലാം സ്വീകരിച്ചു. ബനൂ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ് താനെന്ന് നബി -ﷺ- യോട് അദ്ദേഹം വെളിപ്പെടുത്തി.

فوائد الحديث

നബി -ﷺ- യുടെ വിനയം ശ്രദ്ധിക്കുക; തൻ്റെ അനുചരന്മാർക്കിടയിൽ ഇരിക്കുന്ന അവിടുത്തെ പ്രത്യേകമായി വേർതിരിച്ചറിയാൻ പുറത്തു നിന്ന് വരുന്ന ഒരാൾക്ക് സാധിക്കാറുണ്ടായിരുന്നില്ല.

നബി -ﷺ- യുടെ മനോഹരമായ സ്വഭാവം; ചോദ്യകർത്താവിനോട് അവിടുന്ന് പുലർത്തിയ സൗമ്യത നോക്കൂ! നല്ല രൂപത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് പ്രബോധനം സ്വീകരിക്കപ്പെടാനുള്ള കാരണങ്ങളിലൊന്നാണ്!

ഒരാളെ തിരിച്ചറിയാൻ വേണ്ടി വെളുത്തവൻ എന്നോ കറുത്തവൻ എന്നോ, നീളം കൂടിയവൻ എന്നോ കുറഞ്ഞവൻ എന്നോ വിശേഷിപ്പിക്കുന്നത് അനുവദനീയമാണ്. എന്നാൽ ഈ വിശേഷണം കൊണ്ട് ഉദ്ദേശിക്കുന്നത് അയാളെ ആക്ഷേപിക്കലാകരുത്. അതോടൊപ്പം വിശേഷിപ്പിക്കപ്പെടുന്നവന് അത് അനിഷ്ടകരമായിരിക്കുകയും ചെയ്യരുത്.

മുസ്‌ലിമല്ലാത്ത ഒരാൾ മസ്ജിദിൽ പ്രവേശിക്കുന്നത് -ആവശ്യങ്ങൾക്കാണെങ്കിൽ- അനുവദനീയമാണ്.

ഹദീഥിൽ ഹജ്ജിനെ കുറിച്ച് പരാമർശമില്ല; ഹദീഥിൽ പരാമർശിക്കപ്പെട്ട സംഭവം നടന്ന കാലത്ത് ഹജ്ജ് നിർബന്ധമാക്കപ്പെട്ടിട്ടുണ്ടാകില്ല എന്നതായിരിക്കാം അതിൻ്റെ കാരണം.

ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ സ്വഹാബികൾ പുലർത്തിയിരുന്ന താൽപ്പര്യം. ദ്വിമാം ഇസ്‌ലാം സ്വീകരിച്ച ഉടനെ തൻ്റെ ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ പരിശ്രമിച്ചത് അതിനുള്ള തെളിവാണ്.

التصنيفات

അല്ലാഹുവിലുള്ള വിശ്വാസം, അല്ലാഹുവിലുള്ള വിശ്വാസം, നമ്മുടെ നബി മുഹമ്മദ് -ﷺ-, നമ്മുടെ നബി മുഹമ്മദ് -ﷺ-, ഇസ്ലാം, ഇസ്ലാം, അല്ലാഹുവിലേക്കുള്ള ക്ഷണം, അല്ലാഹുവിലേക്കുള്ള ക്ഷണം, നിസ്കാരം നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും, നിസ്കാരം നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും, സകാത് നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും, സകാത് നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും