സ്വയം ഉപദ്രവമേൽക്കലോ, മറ്റുള്ളവരോ ഉപദ്രവിക്കലോ (ഇസ്‌ലാമിൽ) ഇല്ല. ആരെങ്കിലും ഉപദ്രവം ചെയ്താൽ അല്ലാഹു അവനെയും…

സ്വയം ഉപദ്രവമേൽക്കലോ, മറ്റുള്ളവരോ ഉപദ്രവിക്കലോ (ഇസ്‌ലാമിൽ) ഇല്ല. ആരെങ്കിലും ഉപദ്രവം ചെയ്താൽ അല്ലാഹു അവനെയും ഉപദ്രവിക്കുന്നതാണ്. ആരെങ്കിലും കഠിനത വരുത്തിയാൽ അല്ലാഹു അവനും കഠിനത വരുത്തും

അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വയം ഉപദ്രവമേൽക്കലോ, മറ്റുള്ളവരോ ഉപദ്രവിക്കലോ (ഇസ്‌ലാമിൽ) ഇല്ല. ആരെങ്കിലും ഉപദ്രവം ചെയ്താൽ അല്ലാഹു അവനെയും ഉപദ്രവിക്കുന്നതാണ്. ആരെങ്കിലും കഠിനത വരുത്തിയാൽ അല്ലാഹു അവനും കഠിനത വരുത്തും."

[മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വഹീഹായത്] [ദാറഖുത്നി ഉദ്ധരിച്ചത്]

الشرح

ഉപദ്രവങ്ങൾ -ഏതു നിലക്കുള്ളതും രൂപത്തിലുള്ളതുമാണെങ്കിലും- അവ തടയുകയും ഒഴിവാക്കുകയും വേണ്ടതാണെന്ന് നബി ﷺ അറിയിക്കുന്നു. അത് സ്വന്തം ശരീരത്തോടാണെങ്കിലും പാടില്ല, മറ്റുള്ളവരോടാണെങ്കിലും പാടില്ല. തൻ്റെ സ്വന്തത്തിന് ഉപദ്രവമുണ്ടാക്കുന്നതും, മറ്റുള്ളവർക്ക് ഉപദ്രവം സൃഷ്ടിക്കുന്നതുമെല്ലാം ഒരേ പോലെ നിഷിദ്ധമാണ്. ഉപദ്രവത്തെ നേരിടുന്നതിന് വേണ്ടിയാണെങ്കിലും അവൻ ഉപദ്രവമുണ്ടാക്കരുത്. കാരണം ഉപദ്രവം പൂർണ്ണമായും നീക്കാൻ ശ്രമിക്കണമെന്നതാണ് ഇസ്‌ലാമിൻ്റെ അദ്ധ്യാപനം. എന്നാൽ പ്രതിക്രിയാ നടപടികൾ സ്വീകരിക്കുന്ന സന്ദർഭങ്ങളിൽ -അതിരു കവിയാതെ- ഉപദ്രവമേൽപ്പിക്കാൻ അനുവാദമുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതോടൊപ്പം, ജനങ്ങൾക്ക് ഉപദ്രവമേൽപ്പിക്കുന്നവർക്ക് അല്ലാഹുവിൻ്റെ പക്കൽ നിന്ന് ഉപദ്രവമുണ്ടാകുമെന്നും, ജനങ്ങൾക്ക് കഠിനത സൃഷ്ടിക്കുന്നവർ അല്ലാഹുവിൽ നിന്നുള്ള കഠിനത നേരിടേണ്ടി വരുമെന്നും നബി ﷺ ഈ ഹദീഥിൽ ഓർമ്മപ്പെടുത്തി.

فوائد الحديث

ഒരാൾക്ക് ശിക്ഷ നൽകുമ്പോൾ ചെയ്ത തെറ്റിനും മുകളിൽ ശിക്ഷയുണ്ടാകുന്നത് പാടില്ല എന്ന ഓർമ്മപ്പെടുത്തൽ.

അല്ലാഹു അവൻ്റെ അടിമകൾക്ക് ഉപദ്രവകരമാകുന്ന ഒരു കാര്യവും കൽപ്പിച്ചിട്ടില്ല.

വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും (ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ) ഉപേക്ഷിച്ചു കൊണ്ടും ഉപദ്രവം വരുത്തുന്നത് -സ്വന്തത്തിനാണെങ്കിലും മറ്റുള്ളവർക്കാണെങ്കിലും- നിഷിദ്ധം തന്നെ.

പ്രവർത്തനങ്ങളുടെ ഇനവും തോതുമനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക; ആരെങ്കിലും ഉപദ്രവം ചെയ്താൽ അല്ലാഹു അവനെയും ഉപദ്രവിക്കുന്നതാണ്. ആരെങ്കിലും പ്രയാസം ഉണ്ടാക്കിയാൽ അല്ലാഹു അവനും പ്രയാസമുണ്ടാക്കും

ഇസ്‌ലാമിക മതനിയമങ്ങളിലെ പൊതുതത്വങ്ങളിലൊന്നാണ് ഈ ഹദീഥ്. അതിൽ നിന്നാണ് 'ഉപദ്രവങ്ങൾ തീർത്തും നീക്കപ്പെടണം' എന്ന അടിത്തറ പണ്ഡിതന്മാർ നിർദാരണം ചെയ്തത്. ഇസ്‌ലാമിക മതനിയമങ്ങൾ ഉപദ്രവങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കുകയില്ല. മറിച്ച്, ഉപദ്രവങ്ങളെ നിരാകരിക്കുകയാണ് അതിൻ്റെ പൊതുസ്വഭാവം.

التصنيفات

കർമ്മശാസ്ത്ര അടിത്തറകളും അടിസ്ഥാനങ്ങളും