എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ

എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നെ ധിക്കരിച്ചവർ വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നബി ﷺ യുടെ ഉമ്മത്തിൽ പെട്ട എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും, അതിനോട് വിസമ്മതം കാണിക്കുന്നവർ മാത്രമേ അതിൽ നിന്നൊഴിവാകൂ എന്നും അവിടുന്ന് ഈ ഹദീഥിലൂടെ അറിയിക്കുന്നു. ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ അവർക്കുള്ള ഉത്തരമായി പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലിന് കീഴൊതുങ്ങുകയും അവിടുത്തെ പിൻപറ്റുകയും അനുസരിക്കുകയും ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കും. എന്നാൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യെ ധിക്കരിക്കുകയും അവിടുത്തെ ദീനിലെ വിധിവിലക്കുകൾക്ക് കീഴൊതുങ്ങാതിരിക്കുകയും ചെയ്യുന്നവർ തങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളിലൂടെ സ്വർഗപ്രവേശനത്തിന് വിസമ്മതം കാണിക്കുകയാണ് ചെയ്യുന്നത്."

فوائد الحديث

നബി ﷺ യെ അനുസരിക്കുക എന്നത് അല്ലാഹുവിനുള്ള അനുസരണമാണ്. അവിടുത്തെ ധിക്കരിക്കുക എന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും.

നബി ﷺ യെ അനുസരിക്കുന്നത് സ്വർഗപ്രവേശനം നിർബന്ധമാക്കുന്നു; അവിടുത്തെ ധിക്കരിക്കുന്നത് നരകപ്രവേശനവും നിർബന്ധമാക്കുന്നു.

ഈ ഉമ്മത്തിൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യെ അനുസരിക്കുന്നവർക്കുള്ള സന്തോഷവാർത്ത; അവരെല്ലാവരും അല്ലാഹുവിൻ്റെ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ധിക്കരിക്കുന്നവർ മാത്രമേ അതിൽ നിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ.

നബി ﷺ ക്ക് തൻ്റെ ഉമ്മത്തിനോടുള്ള അനുകമ്പയും, അവർക്ക് സന്മാർഗം ലഭിക്കാനുള്ള അവിടുത്തെ അതിയായ പരിശ്രമവും.

التصنيفات

നമ്മുടെ നബി മുഹമ്മദ് -ﷺ-