അല്ലാഹുവേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ എന്തെങ്കിലുമൊന്ന് ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ട് അവരെ…

അല്ലാഹുവേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ എന്തെങ്കിലുമൊന്ന് ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ട് അവരെ പ്രയാസപ്പെടുത്തുകയും ചെയ്താൽ അവനെ നീ പ്രയാസത്തിലാക്കേണമേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ എന്തെങ്കിലുമൊന്ന് ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ട് അവരോട് സൗമ്യത പുലർത്തുകയുമാണെങ്കിൽ നീ അവനോട് സൗമ്യത കാണിക്കേണമേ!

ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ എൻ്റെ ഈ വീട്ടിൽ വെച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "അല്ലാഹുവേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ എന്തെങ്കിലുമൊന്ന് ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ട് അവരെ പ്രയാസപ്പെടുത്തുകയും ചെയ്താൽ അവനെ നീ പ്രയാസത്തിലാക്കേണമേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ എന്തെങ്കിലുമൊന്ന് ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ട് അവരോട് സൗമ്യത പുലർത്തുകയുമാണെങ്കിൽ നീ അവനോട് സൗമ്യത കാണിക്കേണമേ!"

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മുസ്‌ലിം സമൂഹത്തിൻ്റെ കാര്യങ്ങളിൽ നിന്ന് ചെറുതോ വലുതോ ആയ എന്തെങ്കിലുമൊന്ന് ഏറ്റെടുക്കുകയും, അതിൽ സൗമ്യത പുലർത്താതെ അവർക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് കഠിനത വരുത്തേണമേ എന്ന് നബി ﷺ പ്രാർത്ഥിക്കുന്നു. കാരണം അല്ലാഹു ഓരോ പ്രവർത്തനങ്ങൾക്കും അവയുടെ അതേ ഇനമനുസരിച്ചാണ് പ്രതിഫലം നൽകുക. ഹദീഥിൽ 'കാര്യങ്ങൾ ഏറ്റെടുക്കുക' എന്ന് പറഞ്ഞതിൽ മുസ്‌ലിം ഉമ്മത്തിൻ്റെ മൊത്തത്തിലുള്ള ഭരണം ഏറ്റെടുക്കുന്നതും, ഏതെങ്കിലും ഭാഗികമായ വിഷയങ്ങളിൽ കൈകാര്യകർതൃത്വം ഏറ്റെടുക്കുന്നതും ഉൾപ്പെടും. അതേ സമയം മുസ്‌ലിംകളുടെ കാര്യങ്ങളിൽ അവരോട് സൗമ്യത പുലർത്തുകയും, അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി നൽകുകയും ചെയ്തവർക്ക് എളുപ്പം നൽകേണമേ എന്നും നബി ﷺ പ്രാർത്ഥിച്ചിട്ടുണ്ട്.

فوائد الحديث

മുസ്‌ലിംകളെ ബാധിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലുമൊന്നിൻ്റെ അധികാരം ഏറ്റെടുക്കുന്നവർ അവരോട് സാധ്യമാകുന്നത്ര സൗമ്യത കൈക്കൊള്ളൽ നിർബന്ധമാണ്.

പ്രവർത്തനത്തിനുള്ള പ്രതിഫലം അതിൻ്റെ ഇനവും തരവും അനുസരിച്ചായിരിക്കും നൽകപ്പെടുക.

സൗമ്യതയും കാഠിന്യവുമെല്ലാം തീരുമാനിക്കാനുള്ള അളവുകോൽ അല്ലാഹുവിൻ്റെ ഗ്രന്ഥമായ ഖുർആനും, നബി ﷺ യുടെ ഹദീഥുകളുമാണ്.

التصنيفات

ഇസ്ലാമിക ഖലീഫയുടെ നിബന്ധനകൾ, നബി -ﷺ- യുടെ അനുകമ്പ