ഹൃദയത്തെ നിർമ്മലാക്കുന്ന വചനങ്ങളും, മതപരമായ ഉപദേശനിർദേശങ്ങളും

ഹൃദയത്തെ നിർമ്മലാക്കുന്ന വചനങ്ങളും, മതപരമായ ഉപദേശനിർദേശങ്ങളും

11- "*തീർച്ചയായും ഹലാൽ (അനുവദനീയമായവ) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായവ) വ്യക്തമാണ്*. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീനും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായവയിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോകുന്നതാണ്. ഒരു സുരക്ഷിതവേലിക്ക് ചുറ്റും മേയ്ക്കുന്ന ഇടയൻ്റെ കാര്യം പോലെ; (അവൻ്റെ മൃഗങ്ങൾ) അതിനുള്ളിൽ കയറി മേയാനായിട്ടുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും അവരുടെ അതിർത്തികളുണ്ട്; അറിയുക! അല്ലാഹുവിൻ്റെ അതിർത്തി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക; ഹൃദയമാകുന്നു അത്."

20- ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്

38- തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ നരകത്തിൽ ഏറ്റവും നിസ്സാരമായ ശിക്ഷ ലഭിക്കുന്ന വ്യക്തി. ആ ചെരുപ്പുകളുടെ ചൂടിൻ്റെ അതിതീവ്രത കാരണത്താൽ അവൻ്റെ തലച്ചോർ ചെമ്പുപാത്രം തിളച്ചുമറിയുന്നതുപോലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും. തന്നേക്കാൾ കഠിനമായ ശിക്ഷ മറ്റൊരാൾക്കുമില്ലെന്നായിരിക്കും അവൻ ധരിക്കുന്നുണ്ടാവുക; എന്നാൽ അവനാണ് അവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ

44- (സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ മരിക്കുന്നതല്ല. നിങ്ങൾക്കിനി എന്നും ആരോഗ്യമാണ്; ഒരിക്കലും നിങ്ങൾക്ക് അസുഖം ബാധിക്കില്ല. നിങ്ങൾക്കിനി എന്നും യുവത്വമാണ്; നിങ്ങളൊരിക്കലും വൃദ്ധരാവുകയില്ല. നിങ്ങൾക്കിനി എന്നും സുഖിക്കാം; നിങ്ങൾക്കിനിയൊരിക്കലും പ്രയാസമില്ല

45- സ്വർഗക്കാരോട് അല്ലാഹു ചോദിക്കും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളികേൾക്കുകയും ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് തൃപ്തിയായോ?" അപ്പോൾ അവർ പറയും: "ഞങ്ങൾ എങ്ങനെ തൃപ്തിയടയാതിരിക്കാനാണ്? നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?!

48- സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല

58- നാല് കാര്യങ്ങൾ ഒരാളിലുണ്ടെങ്കിൽ അവൻ ശരിയായ കപടവിശ്വാസിയാണ്. അതിൽ ഏതെങ്കിലുമൊരു കാര്യമാണ് അവനിലുള്ളത് എങ്കിൽ കപടവിശ്വാസത്തിൻ്റെ ഒരു സ്വഭാവം അവനിലുണ്ട്; അവനത് ഉപേക്ഷിക്കുന്നത് വരെ. സംസാരിച്ചാൽ കളവു പറയുക, കരാർ ചെയ്താൽ ചതിക്കുക, വാഗ്ദാനം നൽകിയാൽ ലംഘിക്കുക, തർക്കിച്ചാൽ അന്യായം പ്രവർത്തിക്കുക എന്നതാണവ

72- മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിൻ്റെ മകന് അവന്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ

81- അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്കിൽ അവൻ അല്ലാഹുവിൻ്റെ മറ കൊണ്ട് മറച്ചു പിടിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യട്ടെ. ആരെങ്കിലും അവൻ്റെ രഹസ്യം നമുക്ക് കാണിച്ചുവെന്നാൽ അവൻ്റെ മേൽ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ വിധി നാം നടപ്പിലാക്കും

91- നിങ്ങളുടെ മുൻപുള്ള ജനങ്ങളിൽ പെട്ട ഒരു മനുഷ്യൻ; അയാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അങ്ങനെ കടുത്ത നിരാശ ബാധിച്ച ആ മനുഷ്യൻ ഒരു കത്തിയെടുത്ത് തൻ്റെ കൈ മുറിച്ചു കളഞ്ഞു. രക്തം നിലക്കാതെ അയാൾ അവസാനം മരിക്കുകയും ചെയ്തു. (അയാളുടെ ഈ പ്രവർത്തിയെ കുറിച്ച്) അല്ലാഹു പറഞ്ഞു: തൻ്റെ ജീവൻ്റെ കാര്യത്തിൽ എൻ്റെ അടിമ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. അവന് ഞാൻ സ്വർഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു

93- നിങ്ങൾ പരസ്പരം അസൂയ വെക്കരുത്. (പ്രയാസമുണ്ടാക്കാനായി) കച്ചവടച്ചരക്കിൻ്റെ വില കൂട്ടിപ്പറയുകയുമരുത്. നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തുകയോ ചെയ്യരുത്. പരസ്പരസഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക